Currency

സൗദി അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും; വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

സ്വന്തം ലേഖകന്‍Monday, December 28, 2020 5:19 pm

റയാദ്: സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചിട്ടത്.

കഴിഞ്ഞയാഴ്ചയാണ് അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍ന്റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആര്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് വേണമെങ്കില്‍ നാട്ടിലേക്ക് മടങ്ങാം. ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കര്‍ശന പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിന്‍വലിക്കും.

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കരുതലിന്റെ ഭാഗമായി ഒരാഴ്ച കൂടി അതിര്‍ത്തികളടച്ചിട്ടത്. ഇതോടെ സൗദിയിലേക്കെത്താന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x