Currency

സൗദിയിലേക്ക് വിമാനം; ഇന്ത്യന്‍ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; വിമാന സര്‍വീസിന് സാധ്യതയേറി

സ്വന്തം ലേഖകന്‍Wednesday, January 27, 2021 6:22 pm

റിയാദ്: സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നതിനായി ഇന്ത്യന്‍ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ച. ഇതോടെ മാര്‍ച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സര്‍വീസിന് സാധ്യതയേറി.

ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിമാന സര്‍വീസ് തുടങ്ങിയെങ്കിലും ഇന്ത്യ യാത്രാ വിലക്ക് പട്ടികയില്‍ തുടര്‍ന്നു. കോവിഡ് കേസുകളില്‍ ഇന്ത്യയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു യാത്രാ വിലക്ക്. നിലവില്‍ സ്ഥിതി മെച്ചപ്പെട്ടത് നേരത്തെ എംബസി സൗദി സിവില്‍ ഏവിയേഷനേയും വിദേശ കാര്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സൗദി ആരോഗ്യ മന്ത്രാലയമാണ്.

നേരത്തെ ആരോഗ്യ മന്ത്രാലയത്തെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കിലും വിമാന സര്‍വീസ് വിഷയത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമായി ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് എംബസിയുടെ പ്രതീക്ഷ. അടുത്ത മാര്‍ച്ചില്‍ സൗദി അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എംബസിയുടെ അഭ്യര്‍ഥനക്ക് അനുകൂല തീരുമാനമുണ്ടായാല്‍ മാര്‍ച്ചിന് മുന്നേ തന്നെ വിമാനങ്ങള്‍ക്ക് സൗദിയിലേക്ക് പറക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x