Currency

വ്യാജസര്‍ട്ടിഫിക്കറ്റ്: ഉദ്യോഗാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി യു.എ.ഇ

സ്വന്തം ലേഖകന്‍Wednesday, February 17, 2021 11:22 am

അബൂദബി: വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി യു.എ.ഇ. രണ്ട് വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ഇവര്‍ക്ക് ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ചൊവ്വാഴ്ച നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബിരുദം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ അംഗീകാരം നല്‍കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായീകരണമൊന്നും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ പര്യാപ്തമാകില്ല. വ്യാജ രേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും.

സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അതാത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം. തുടര്‍ന്ന് യൂണിവേഴ്‌സിറ്റികളില്‍ അന്വേഷിച്ച് യഥാര്‍ഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.

അബൂദബിയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിതേടുന്ന ഉദ്യോഗാര്‍ഥികള്‍ മന്ത്രാലയം അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. എന്നാല്‍, എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പിന്തുടരേണ്ടതില്ല. അനധികൃതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യവും നല്‍കരുത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് 30,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിച്ചേക്കാം. നിയമത്തിന് എഫ്.എന്‍.സി മെമ്പര്‍മാര്‍ അംഗീകാരം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x