Currency

വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം: സൗദിയില്‍ ഹജ്ജ്, ഉംറ സേവന മേഖലകളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, March 11, 2021 4:57 pm

റിയാദ്: സൗദിയില്‍ ഹജ്ജ് ഉംറ സേവന മേഖലകളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് മാഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍. കോവിഡ് മഹാമാരിമൂലം കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഹജ്ജ് ഉംറ സേവന മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസമേകുന്ന ഇളവുകളാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക താത്പര്യ പ്രകാരം പ്രഖ്യാപിച്ചത്.

ഹജ്ജ് ഉംറ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവിയില്‍ ആറ് മാസത്തേക്ക് ഇളവനുവദിച്ചു. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ഫീസ് ഈടാക്കുന്നത് ആറ് മാസത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. കൂടാതെ ഒരു വര്‍ഷത്തെ കാലാവധിയില്‍ ഇഖാമ ഫീസ് തവണകളായി അടക്കുന്നതിന് സൗകര്യമൊരുക്കും. മക്ക, മദീന നഗരങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഹോട്ടലുകളും സമാന സ്ഥാപനങ്ങളും ഒരു വര്‍ഷത്തേക്ക് നഗരസഭാ ഫീസ് അടക്കേണ്ടതില്ല.

കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കുന്നതിനുളള ഫീസും ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന ബസുകളുടെ രജിസ്ട്രേഷന്‍ സൗജന്യമായി ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കും. വരാനിരിക്കുന്ന ഹജ്ജിന് ഉപയോഗിക്കുവാനായി ഇറക്കുമതി ചെയ്യുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഈടാക്കില്ല. ഇത് പിന്നീട് നാല് മാസത്തിനകം തവണകളായി അടക്കേണ്ടതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x