Currency

എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ

സ്വന്തം ലേഖകന്‍Monday, March 22, 2021 5:54 pm

അബൂദബി: എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യു.എ.ഇ. ആഗോള സാമ്പത്തിക കേന്ദ്രമെന്ന യു.എ.ഇ പദവി മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അധികൃതര്‍. ഒരു ടൂറിസ്റ്റ് വിസയില്‍ പലതവണ യു.എ.ഇ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. മറ്റു രാജ്യത്തെ ജോലികള്‍ യു.എ.ഇയില്‍ വെച്ച് നിര്‍വഹിക്കാനും താമസിക്കാനും അവസരം നല്‍കുന്ന റിമോട്ട് വര്‍ക്ക് വിസയും യു.എ.ഇ പ്രഖ്യാപിച്ചു. യു.എ.ഇയിലേക്ക് ലോകജനതയെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഇരു പ്രഖ്യാപനങ്ങളും.

നിലവില്‍ ഒരു തവണ മാത്രം പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് വികസകളാണ് രാജ്യത്തുള്ളത്. ഒന്ന്, മൂന്ന് മാസ കാലാവധിയുള്ള സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് അതേ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസ്റ്റ് വിസയിലെത്തി ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാകും.

വിസയുടെ കാലാവധി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുതിയ വിസ തീരുമാനങ്ങള്‍ ആഗോള വിനോദസഞ്ചാര കേന്ദ്രമായി യു.എ.ഇയെ മാറ്റുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x