Currency

ഇന്ത്യയിൽ വസ്‌തുവകകള്‍ വാങ്ങുന്നതിന് മുമ്പ് വിദേശ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻTuesday, November 1, 2016 10:05 am

വിദേശ ഇന്ത്യക്കാർ(എൻആർഐ)ക്ക് ഇന്ത്യയിൽ വസ്തുവകകൾ സ്വന്തമാക്കുന്നതിന് ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ഫോറിൻ എക്സ്ചേഞ്ചിന്റെയും നിബന്ധനകൾ അനുസരിച്ച് വേണം എൻആർഐ ഇന്ത്യയിൽ വസ്തുവകകൾ വാങ്ങേണ്ടത്.

വിദേശ ഇന്ത്യക്കാർ(എൻആർഐ)ക്ക് ഇന്ത്യയിൽ വസ്തുവകകൾ സ്വന്തമാക്കുന്നതിന് ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. അതിനാൽ രാജ്യത്ത് സ്വത്തുക്കൾ വാങ്ങുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ഫോറിൻ എക്സ്ചേഞ്ചിന്റെയും നിബന്ധനകൾ അനുസരിച്ച് വേണം എൻആർഐ ഇന്ത്യയിൽ വസ്തുവകകൾ വാങ്ങേണ്ടത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

എൻആർഐ ആണോ, എങ്കിൽ കൃഷിസ്ഥലങ്ങൾ വാങ്ങാനാകില്ല

വിദേശ ഇന്ത്യക്കാരന് രാജ്യത്ത് കൃഷിസ്ഥലങ്ങൾ, പ്ലാന്റേഷൻ, ഫാംഹൗസ് എന്നിവ വാങ്ങാൻ അനുമതിയില്ല. അതേസമയം കുടുംബസ്വത്തായി കൃഷിസ്ഥലങ്ങൾ ലഭിക്കുന്നതിനു തടസ്സമില്ല താനും. എന്നാൽ ഇങ്ങനെ ലഭിക്കുന്ന കൃഷിഭൂമി വില്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യുന്നപക്ഷം അത് ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനു മാത്രമേ നൽകാനാകൂ.

ടൗണ്‍ഷിപ്പുകളും കെട്ടിടസമുച്ചയങ്ങളും സ്വന്തമാക്കാം

വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ടൗൺഷിപ്പുകളും വാങ്ങുന്നതിനോ വിൽക്കുന്നതിനോ കുടുംബസ്വത്തായി ലഭിക്കുന്നതിനോ ദാനം ചെയ്യുന്നതിനോ വിൽക്കുന്നതിനോ വിദേശ ഇന്ത്യക്കാർക്ക് വിലക്കില്ല. അതേസമയം വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ ബാങ്കിംഗ് ചാനലിലൂടെ അയയ്ക്കുന്നതോ എന്‍ആര്‍ഇ അല്ലെങ്കില്‍ എഫ്സി എന്‍ആര്‍ അക്കൗണ്ടിലോ ഉള്ള ഫണ്ടുകള്‍ ഉപയോഗിച്ചു മാത്രമേ സ്വത്തുക്കള്‍ വാങ്ങുവാന്‍ സാധിക്കുകയുള്ളു.  

വീടുകൾ സ്വന്തമാക്കാം

വിദേശ ഇന്ത്യക്കാർക്ക് രാജ്യത്ത് താമസത്തിനായി വീടുകൾ സ്വന്തമാക്കുന്നതിന് നിയമതടസ്സം ഒന്നുമില്ല. താമസത്തിനായി വീടുകൾ വാങ്ങുകയോ, ഇഷ്ടദാനമയി സ്വീകരിക്കുകയോ മറിച്ച് വിൽക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നാല്‍ താമസത്തിനുവേണ്ടി നിര്‍മിച്ചവീടുകൾ വില്‍ക്കുന്നപക്ഷം രണ്ടു വീടുകള്‍ക്കു ലഭിച്ചപണം മാത്രമെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു. 

പണമിടപാടുകൾ നടത്തുമ്പോൾ

അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമെ ഇടപാടുകള്‍ നടത്തുവാൻ സാധിക്കുകയുള്ളൂ.

മറ്റുകാര്യങ്ങൾ

  • വിദേശത്തു താമസിക്കുന്നതും ഇന്ത്യയില്‍ ജനിച്ചതല്ലാത്തതുമായ വിദേശിക്ക് ഇന്ത്യയില്‍ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കില്‍ പാരമ്പര്യമായി ലഭിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളു.
  • ഇന്ത്യയില്‍ താമസിക്കുന്ന ഒരു വിദേശപൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴികെ) റിസര്‍വ് ബാങ്കിന്റെ അനുവാദത്തോടെ (ഇന്ത്യയില്‍ ദീര്‍ഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശത്തോടെയാണെങ്കില്‍) ഭൂമി സ്വന്തമാക്കാവുന്നതാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x