Currency

യുഎസ് വിടുന്ന കമ്പനികള്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Saturday, December 3, 2016 12:19 pm

തൊഴിലുകള്‍ അമേരിക്കന്‍ തീരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യാനപൊളിസ്: അമേരിക്കന്‍ കമ്പനികള്‍ രാജ്യത്തിന് പുറത്തേക്ക് ആസ്ഥാനം മാറ്റുന്നത് അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന് പുറത്തേക്ക് താവളമൊരുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. തൊഴിലുകള്‍ അമേരിക്കന്‍ തീരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. പ്രസിഡന്റിന്റെ കടുത്ത ഭാഷ കോര്‍പ്പറേറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കമ്പനികള്‍ വളരെ പെട്ടെന്ന് പ്രത്യാഘാതങ്ങളില്ലാതെ യുഎസ് വിട്ടുപോകാമെന്ന് കരുതരുത്. അത് സംഭവിക്കാന്‍ അനുവദിക്കില്ല. മറ്റ് രാജ്യങ്ങളിലേക്ക് പറിച്ചു നടാന്‍ അനുവദിക്കില്ല. സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് നീങ്ങാം. വ്യത്യസ്ത സംസ്ഥാനങ്ങളുമായി പുതിയ കരാറുകളാവാം. പക്ഷേ രാജ്യം വിടുന്നത് ഇനി കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ട്രംപ് പറഞ്ഞു.

മെക്‌സിക്കോയിലേക്കും ഏഷ്യയിലേക്കും ചുവടുമാറ്റുന്ന വന്‍ സ്വകാര്യ കമ്പനികള്‍ക്കാണ് ട്രംപിന്റെ നിലപാട് ഞെട്ടലായത്. ഇവിടങ്ങളിലെ തൊഴില്‍ ചെലവുകള്‍ താരതമ്യേനെ വലിയ കുറവാണെന്നതാണ് യുഎസ് വിട്ട് ഈ മേഖലകളിലേക്ക് ചേക്കേറാന്‍ വന്‍കിട കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ രാജ്യം വിട്ട് പുതിയ ഇടങ്ങളിലേക്ക് കേന്ദ്രം മാറ്റുന്ന കമ്പനികള്‍ക്ക് വന്‍ തുക ചുങ്കമേര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ് നിര്‍മ്മാതാക്കളായ ക്യാരിയറിന്റെ രാജ്യത്ത് തുടരാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ചായിരുന്ന ട്രംപിന്റെ പ്രഖ്യാപനം.

പുറംജോലിക്കരാറിനെതിരെ ട്രംപിന്റെ വിമര്‍ശനാത്മക സമീപനം തെരഞ്ഞെടുപ്പിലും ചര്‍ച്ചയായിരുന്നു. അമേരിക്കന്‍ തീരത്തേക്ക് കൂടുതല്‍ തൊഴിലെത്തിക്കുമെന്ന കോടീശ്വരന്റെ പ്രചരണം തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തെ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആശങ്കയ്ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട് ട്രംപിന്റെ കടുംപിടുത്തം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x