Currency

പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും

സ്വന്തം ലേഖകന്‍Friday, February 2, 2018 8:18 am

അബുദാബി: തലസ്ഥാന എമിറേറ്റില്‍ വാണിജ്യ കേന്ദ്രങ്ങളിലും പൊതു പാര്‍ക്കിങ്ങുകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ അബുദാബി സിറ്റി മുനിസിപ്പാലിറ്റി കണ്ടുകെട്ടുന്നു. തലസ്ഥാനത്തെ സുരക്ഷിതത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടാണ് വാഹനങ്ങള്‍ കണ്ടുകെട്ടുന്ന പദ്ധതി മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്. ബനിയാസ്, ഷാവാമിഖ്, സൗത്ത് വാത്ബ, ബാനി യാസ് വെസ്റ്റ്, ന്യൂ വത്ഭ, അല്‍ ഷംഖ, അല്‍ വത്ഭ നോര്‍ത്ത് എന്നിവിടങ്ങളിലെ വാഹനങ്ങളാണ് മുനിസിപ്പാലിറ്റി ജപ്തി ചെയ്തു പ്രത്യേക യാര്‍ഡിലേക്കു നീക്കുന്നത്.

ദീര്‍ഘനാളായി അനധികൃതമായി പാര്‍ക്ക് ചെയ്ത നിലയിലുള്ള വാഹനങ്ങളെല്ലാം മൂന്നു ദിവസത്തിനകം നീക്കം ചെയ്യാനാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി മുന്നറിയിപ്പു നോട്ടിസ് പതിക്കും. നീക്കംചെയ്യാനും വൃത്തിയാക്കാനും മൂന്നു ദിവസത്തെ അവധി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. 3000 ദിര്‍ഹം പിഴ ഈടാക്കിയശേഷം മാത്രം വാഹനം വിട്ടുകൊടുക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

വാഹനത്തിന്റെയും വാഹനം നീക്കംചെയ്യുന്ന മേഖലയുടെയും അടിസ്ഥാനത്തില്‍ ദിവസേനയുള്ള ജപ്തി തുകയും വാഹന ഉടമയില്‍നിന്നു പ്രത്യേകം ഈടാക്കും. എല്ലാത്തരം വാഹനങ്ങള്‍, ട്രെയിലറുകള്‍, ബോട്ടുകള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x