
അബുദാബി: കലയുടെ വിസ്മയ കാഴ്ചകളിലേക്കു വാതില്‍ തുറക്കുന്ന പത്താമത് അബുദാബി ആര്‍ട് എക്‌സിബിഷനു മനാറത് അല്‍ സാദിയാതില്‍ ഇന്ന് തുടക്കമാകും. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍നിന്നുള്ള 43 ഗാലറികളാണു നാലു ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
അബുദാബി കിരീടാവകാശിയും സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റലേഷന്‍സുകള്‍ക്കും പുറമെ വിവിധ കലാപരിപാടികളും ശില്‍പശാലകളും ഒരുക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകളെ കലയില്‍ ഉപയോഗപ്പെടുത്തിയുള്ള വ്യത്യസ്ത കാഴ്ചകളും ഇത്തവണ സന്ദര്‍ശകര്‍ക്കു പുതുമ പകരുന്നതായിരിക്കുമെന്നു ക്യൂറേറ്റര്‍ മുഹമ്മദ് അഹ്മദ് ഇബ്രാഹിം പറഞ്ഞു.
സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ദുരുബ് അല്‍ തവായ കലാപ്രകടനവും ഇത്തവണയുണ്ടാകും. താരിഖ് അബൂ എല്‍ ഫത്തൂഹാണ് ഇതിനു നേതൃത്വം നല്‍കുക. വിഷ്വല്‍ ആര്‍ട് പ്രദര്‍ശനവുമായി ഹമ്മാദ് നാസറും നവാഗത പ്രകടനവുമായി സ്വദേശി കലാകാരന്‍ മുഹമ്മദ് അഹ്മദ് ഇബ്രാഹിമും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രദര്‍ശനം 17നു സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.