
അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയില്‍ വീടുകളില്‍ എത്തിയുള്ള സൗജന്യ കോവിഡ് പരിശോധന മൂന്നാം ഘട്ടത്തിലേക്ക്. യുഎഇയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ ആരോഗ്യപ്രവര്‍ത്തകര്‍ മൂന്നാം തവണയും സൗജന്യ കോവിഡ് പരിശോധനയ്ക്കായി വീടുകള്‍ കയറി പരിശോധന നടത്തുന്നത്.
ദേശീയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ള പരിശോധനയ്ക്കു പുറമേയാണ് വീടുകളില്‍ എത്തിയുള്ള പരിശോധന. രോഗികള്‍, സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, തൊഴിലാളികള്‍, പൊലീസ്, സൈനികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, പുരോഹിതര്‍ എന്നിവര്‍ക്കും സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്. ജൂണിലാണ് വീടുകള്‍ കയറിയുള്ള പരിശോധന ആരംഭിച്ചത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തുടര്‍ പരിശോധന നടത്തി സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയില്‍ ഇതുവരെ 95 ലക്ഷം പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിശോധനാ വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കുംവരെ പരിശോധന തുടരാനാണ് തീരുമാനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. മറ്റു എമിറേറ്റില്‍ നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്കു 48 മണിക്കൂറിനകം എടുത്ത കോവിഡ് (പിസിആര്‍/ലേസര്‍) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അബുദാബിയില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.