അബുദാബി: വേതന വ്യവസ്ഥകള്‍ വ്യക്തമാക്കാത്ത തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തില്ല. തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങള്‍ പൂര്‍ണമായിരിക്കണം. വേതനം, തൊഴില്‍ സമയം, തസ്തിക എന്നിവ കരാറുകളില്‍ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥയാണിത്. ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ കരാറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു മുന്നോടിയായി കമ്പനികള്‍ നല്കുന്ന തൊഴില്‍ വാഗ്ദാന പത്രിക (ഓഫര്‍ ലെറ്റര്‍)യും കരാറും തമ്മില്‍ താരതമ്യം ചെയ്യണം. വ്യത്യാസമുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണം. തൊഴിലാളികളുടെ ഔദ്യോഗിക രേഖയാണു തൊഴില്‍ കരാര്‍. തൊഴില്‍ തര്‍ക്കമുണ്ടായാല്‍ ഇതു പ്രധാന തെളിവാണ്.
തൊഴിലാളി രാജ്യത്ത് എത്തിയാല്‍ 60 ദിവസത്തിനകം കരാര്‍ നടപടി പൂര്‍ത്തിയാക്കണം. കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ തസ്ഹീല്‍ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 60 ദിവസം പിന്നിട്ടാല്‍, വൈകിയ ഓരോ മാസത്തിനും തൊഴിലുടമയില്‍ നിന്നു 100 ദിര്‍ഹം വീതം പിഴ ഈടാക്കും. ചില പ്രത്യേക പദ്ധതികള്‍ക്കുള്ള കരാറുകള്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം 8 മണിക്കൂറാണു ജോലി, ആഴ്ചയില്‍ 48 മണിക്കൂറിലധികം ജോലി എടുപ്പിക്കരുത്, ഒരുദിവസം അവധി നല്‍കണം, ഹോട്ടല്‍, കന്റീന്‍, പാറാവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 9 മണിക്കൂര്‍ തൊഴിലെടുപ്പിക്കാന്‍ പ്രത്യേക അനുമതി, നിശ്ചിത തസ്തികകള്‍ക്ക് ഇളവു നല്‍കുമെങ്കിലും ഒരു ദിവസം 2 മണിക്കൂറില്‍ കൂടുതല്‍ അധിക ജോലി ചെയ്യിക്കരുത്. ഇതിന് അടിസ്ഥാന വേതനം കണക്കാക്കി ഓവര്‍ടൈം നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.