Currency

അബുദാബി നഗരസഭ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കി; 23 സേവനങ്ങള്‍ക്ക് ഫീസ് ഇളവ്

സ്വന്തം ലേഖകന്‍Wednesday, January 23, 2019 1:20 pm

അബുദാബി: 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിനു പുറമേ മറ്റു ചില സേവനങ്ങളുടെ ഫീസ് നിരക്കുകളിലും ഇളവുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റേതാണ് പുതിയ തീരുമാനം. വിവിധ റിയല്‍എസ്റ്റേറ്റ് സേവനങ്ങള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍, കോണ്‍ട്രാക്ട് റജിസ്ട്രേഷന്‍, എന്‍ജിനിയേഴ്സ് രജിസ്ട്രേഷന്‍ തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ക്കാണ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ക്ക് 10,000 മുതല്‍ 50,000 വരെ നിലവില്‍ ഫീസ് അടക്കേണ്ടവയാണ്.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ 2018ലെ 336ാം തീരുമാന പ്രകാരമാണ് സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതും ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് മുബാറക് അല്‍ മസ്റൂഈ വ്യക്തമാക്കി. അബുദാബി നഗരസഭയുടെ വിവിധ വകുപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന 98 വ്യത്യസ്ത സേവനങ്ങള്‍ക്കാണ് തീരുമാനം ബാധകമാവുക. ഇതില്‍ 75 സേവനങ്ങളുടെ ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 23 സേവനങ്ങളുടെ ഫീസുകളിലാണ് നിരക്കിളവ് ബാധകമാവുക.

നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ട സേവനങ്ങളിലധികവും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട മേഖലയാണ്. 10 മുതല്‍ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x