Currency

റോഡ് നിയമ ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Thursday, June 14, 2018 2:12 pm

അബുദാബി: ഈദുല്‍ ഫിത്ര്‍ ആഘോഷ വേളയില്‍ റോഡ് സുരക്ഷാനിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു. അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സിനു കീഴിലാണു ബോധവല്‍ക്കരണം തുടങ്ങിയത്.

റോഡിലെ വേഗനിയന്ത്രണം കര്‍ശനമായി എല്ലാ ഡ്രൈവര്‍മാരും പാലിക്കണം. ഈദ് പ്രമാണിച്ച് മറ്റു എമിറേറ്റുകളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അപരിചിതമായ നഗര വീഥികളില്‍ വളരെ ശ്രദ്ധയോടും കരുതലോടും വേണം സഞ്ചരിക്കാന്‍. റോഡ് ലൈനുകള്‍ മാറ്റുന്നതിനു മുമ്പ് മുന്നറിയിപ്പു സിഗ്‌നല്‍ നിര്‍ബന്ധമായും നല്‍കണം.

ഡ്രൈവര്‍ വാഹനത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെയും മുകളിലെയും കണ്ണാടി നോക്കി വേണം റോഡ് ലൈന്‍ മാറ്റുകയും ബ്രേക്ക് ചവിട്ടുകയും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കാന്‍. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി സഞ്ചരിക്കരുതെന്നും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

ഡ്രൈവര്‍മാര്‍ക്കു റോഡ് സുരക്ഷാ ചട്ടങ്ങളുടെ ലഘുലേഖകളും പൊലീസ് നല്‍കുന്നു. അബുദാബി എമിറേറ്റിലെ ഉള്‍റോഡുകളിലും പുറം റോഡുകളിലും ട്രാഫിക് നിയന്ത്രണം ശക്തിപ്പെടുത്തും. ആഘോഷമായതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ സഹ യാത്രികരാവാമെങ്കിലും ഏതു സാഹചര്യത്തിലും നിയമലംഘനം പാടില്ലെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. വിനോദസഞ്ചാര മേഖലകള്‍, പൊതു പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കും.

അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ഷെഹിയുടെ നേതൃത്വത്തിലാണു റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടക്കുന്നത്. ലൈസന്‍സില്ലാത്തവര്‍ വാഹനവുമായി നിരത്തിലിറങ്ങാനുള്ള സാധ്യതകള്‍ രക്ഷിതാക്കള്‍ നിയന്ത്രിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x