
അബൂദബി: തൊഴില്‍ കേസുകള്‍ക്ക് അബൂദബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും. ചെറുതും വലുതുമായ കേസുകളും അപ്പീലുകളും അബൂദബി തൊഴില്‍ കോടതി പരിഗണിക്കും. നിലവില്‍ അബൂദബിയിലെ കോടതികളിലെ തൊഴില്‍ ചേംബറുകളില്‍ വാദം നടക്കുന്ന കേസുകളും അപ്പീലുകളും പുതിയ തൊഴില്‍ കോടതിയിലേക്ക് മാറ്റും. വിധി പറയാന്‍ മാറ്റിവെച്ചവ ഒഴിച്ചുള്ള കേസുകളായിരിക്കും മാറ്റുക.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബൂദബി നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. സര്‍വീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും ഫയല്‍ ചെയ്യുന്നതും അവര്‍ക്കെതിരെ ഫയല്‍ ചെയ്യുന്നതുമായ കേസുകള്‍ അബൂദബി തൊഴില്‍ കോടതി പരിഗണിക്കും. എമിറേറ്റിലെ മറ്റു കോടതി ചേംബര്‍ വിധിക്കെതിരെ സമര്‍പ്പിക്കുന്ന അപ്പീലുകളിലും തൊഴില്‍ കോടതി വാദം കേള്‍ക്കും.
ചെറുതും വലുതുമായ പ്രാഥമിക ചേംബറുകള്‍, അപ്പീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ചേംബറുകള്‍, ഏകദിന തൊഴില്‍ കോടതി, സേവന ജീവനക്കാര്‍ക്കുള്ള തര്‍ക്കപരിഹാര ചേബര്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കും അബൂദബി തൊഴില്‍ കോടതിയെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് ആല്‍ അബ്രി പറഞ്ഞു. തൊഴില്‍ കോടതിയിലെ ഒന്നോ അതിലധികമോ ജഡ്ജിമാര്‍ തൊഴില്‍ തര്‍ക്ക കേസുകളിലെ വാദം കേള്‍ക്കാന്‍ നിയോഗിക്കപ്പെടും. പരാതികളില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.