Currency

അബൂദബിയിലെ പൊതുഗതാഗത ബസ് ശൃംഖല മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതി

സ്വന്തം ലേഖകന്‍Thursday, October 10, 2019 1:40 pm

അബൂദബി: തലസ്ഥാന എമിറേറ്റില്‍ പൊതുഗതാഗത നിലവാരം ഉയര്‍ത്തുന്നതിനായി സമഗ്ര ഗതാഗത കേന്ദ്രം (ഐ.ടി.സി) പുതിയ നെറ്റ്വര്‍ക് പദ്ധതി നടപ്പാക്കുന്നു. ഒക്‌ടോബര്‍ 11 മുതല്‍ അബൂദബിയിലെ പൊതു ബസ് സര്‍വിസുകള്‍ മെച്ചപ്പെടുത്തുന്ന സമഗ്ര വികസന പദ്ധതിയാണിത്. ഒട്ടേറെ പുതിയ പ്രാദേശിക ബസ് സര്‍വിസുകള്‍ പുതുതായി ആരംഭിച്ചാണ് ഇന്റഗ്രേറ്റഡ് ഫെയര്‍ സിസ്റ്റത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കുക. തുടര്‍ന്ന് അബൂദബിയിലെ എല്ലാ ബസ് സര്‍വിസുകളിലും കാതലായ മാറ്റത്തിന് ഇതു ബാധകമാകുമെന്ന് ഐ.ടി.സി പൊതുഗതാഗത മേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറിയിച്ചു.

അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒന്നില്‍ കൂടുതല്‍ പ്രാദേശിക ബസ് സര്‍വിസ് ടിക്കറ്റ് എടുക്കേണ്ട യാത്രക്കാര്‍ക്ക് പുതിയ രീതി ഗുണം ചെയ്യും. പുതിയ സമ്പ്രദായം അനുസരിച്ച്, യാത്രക്കാര്‍ രണ്ടു തവണ ബസുകള്‍ മാറി യാത്ര ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഒരു ബോര്‍ഡിങ് ഫീസ് മാത്രമെ ഈടാക്കൂ. ആദ്യത്തെ ബസിലെ ബോര്‍ഡിങ് ഫീസ് അടച്ചതിനു ശേഷം 120 മിനിറ്റിനുള്ളില്‍ കൈമാറ്റം നടക്കണമെന്നു മാത്രം. അബൂദബി ദ്വീപ്, അല്‍ഐന്‍ സിറ്റി, അല്‍ ദഫ്‌റ മേഖല എന്നിവിടങ്ങളിലെ ഇന്റര്‍സിറ്റി സര്‍വിസുകളില്‍ നിലവിലെ ബസ് ഫീസുകളില്‍ മാറ്റമുണ്ടാവില്ല. ഒക്‌ടോബര്‍ 15ന് അബൂദബി ടോള്‍ ഗേറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് പൊതുഗതാഗത സേവന ശൃംഖല മെച്ചപ്പെടുത്താനുള്ള ഐ.ടി.സിയുടെ പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x