Currency

അബുദാബി ടോളുകളില്‍ തിരക്കുള്ള സമയങ്ങളില്‍ മാത്രമേ റോഡ് ചുങ്കം ഈടാക്കൂ

സ്വന്തം ലേഖകന്‍Friday, February 9, 2018 3:48 pm

അബൂദബി: ഗതാഗത തിരക്കുള്ള സമയങ്ങളില്‍ മാത്രമേ അബുദാബി റോഡുകളില്‍ സ്ഥാപിക്കുന്ന ടോള്‍ ഗേറ്റുകളില്‍ ചുങ്കം ഈടാക്കുകയുള്ളൂവെന്ന് ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്റൂഇ അറിയിച്ചു. ദുബായിലെ സാലിക് ഗേറ്റുകളില്‍നിന്നു വ്യത്യസ്തമായി തിരക്കുള്ള സമയത്തു മാത്രം പ്രവര്‍ത്തിപ്പിക്കുന്ന വിധത്തിലായിരിക്കും അബുദാബിയിലെ ടോള്‍ ഗേറ്റ്.

എമിറേറ്റിലെ ജനവാസം പ്രതിവര്‍ഷം വര്‍ധിക്കുന്നതിന് അനുസരിച്ചു വാഹനങ്ങളുടെ എണ്ണവും കൂടുകയാണ്. ഇതുമൂലം വിവിധ റോഡുകളില്‍ ഗതാഗത കുരുക്ക് നിത്യസംഭവം ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെയും വൈകുന്നേരവും അബൂദബിയിലെ റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നടപടി സഹായകമാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.

98 ശതമാനം പേരും ഇപ്പോള്‍ നിശ്ചിത പാര്‍ക്കിങ് സ്ഥലങ്ങളില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നതായും ക്രമരഹിതമായ പാര്‍ക്കിങ് ഇല്ലാതാക്കാന്‍ സാധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ പാര്‍പ്പിട മേഖലകളില്‍ പാര്‍ക്കിങ് ലഭിക്കാന്‍ 30000 പെര്‍മിറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. വിവിധ മേഖലകളില്‍ വില്ലകളില്‍ താമസിക്കുന്നവര്‍ക്കു മാത്രം 3500 പാര്‍ക്കിങ്ങുകള്‍ അനുവദിച്ചിട്ടുണ്ട്. പെര്‍മിറ്റുകള്‍ ഒരു മാസത്തിനകം പുതുക്കാന്‍ സാധിക്കും. സായിദ് സ്‌പോര്‍ട്‌സ് സിറ്റി, കോര്‍ണിഷ് പ്രദേശങ്ങളില്‍ ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ സേവനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x