
അബുദാബി: അബുദാബി ടോള്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് 3 മാസത്തെ ഇളവ്. ഈ കാലയളവില്‍ പിഴ ചുമത്തില്ല. ഓണ്‍ലൈനില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 3 മാസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി. എമിറേറ്റിലെ നാലിടങ്ങളില്‍ വ്യാഴാഴ്ചയാണ് ടോള്‍ ഈടാക്കിത്തുടങ്ങിയത്.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫപാലം, അല്‍ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോള്‍ ഗേറ്റ്. തിരക്കു കൂടുതലുള്ള സമയം രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 5 മുതല്‍ 7വരെയും 4 ദിര്‍ഹമാണ് ടോള്‍. മറ്റു സമയങ്ങളിലും വെള്ളി, പൊതുഅവധി ദിവസങ്ങളിലും ടോള്‍ നല്‍കേണ്ടതില്ല. എമിറേറ്റസ് ഐഡി വിവരങ്ങള്‍, കാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ സഹിതമാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. സൈറ്റ്: itps.itc.gov.ae.
നമ്പര്‍ പ്ലേറ്റുകളില്‍ നിന്നു വാഹനങ്ങള്‍ മനസിലാക്കി പണം ഈടാക്കുന്ന സ്മാര്‍ട് സംവിധാനമാണിത്. ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് പെയ്‌മെന്റ് വാലറ്റ് എന്ന ഇ-പഴ്‌സിലെ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നാണു പണം ഈടാക്കുക. അക്കൗണ്ടില്‍ മുന്‍കൂറായി പണം അടയ്ക്കണം. ഒരുദിവസം പരമാവധി 16 ദിര്‍ഹം അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍ക്ക് ടോള്‍ നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.