Currency

അബുദാബി രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രം

സ്വന്തം ലേഖകന്‍Wednesday, August 29, 2018 5:22 pm

അബുദാബി: യുഎഇയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി അബുദാബി സ്വന്തമാക്കി. വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, ലൂവ്‌റ് മ്യൂസിയം എന്നീ ലോകോത്തര പദ്ധതികളിലൂടെയാണ് യുഎഇ ഈ ബഹുമതി സ്വന്തമാക്കിയത്. ടൈം മാഗസിന്‍ നടത്തിയ സര്‍വേയിലാണ് അബുദാബിക്ക് മികച്ച ടൂറിസ കേന്ദ്രമെന്ന ഖ്യാതി. ഇതോടെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അബുദാബിയുടെ സ്ഥാനം ഒന്നുകൂടി ഉയര്‍ന്നു. ഇത് എമിറേറ്റിലെ വിനോദ സഞ്ചാര വ്യവസായത്തിന് ആക്കം കൂട്ടിയതായി സാംസ്‌കാരിക, ടൂറിസ വിഭാഗം അറിയിച്ചു.

യുഎഇയിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗത്തെയും അബുദാബി, ദുബായ് എമിറേറ്റുകളാണ് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലാണ് ഭുരിഭാഗം സന്ദര്‍ശകരും എത്തിയതെങ്കില്‍ ഇത്തവണ പുതിയ ആകര്‍ഷണങ്ങളോടെ അബുദാബി സ്ഥാനം തിരിച്ചുപിടിച്ചതായി മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു. ആറു മാസത്തിനിടെ അബുദാബിയിലെത്തിയത് ഇരുപത് ലക്ഷത്തിലേറെ സന്ദര്‍ശകരായിരുന്നു.

ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി അബുദാബി മാറിയതും ഈയിടെയാണ്. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രീ, അബുദാബി ആര്‍ട്ട്, ഫെരാരി വേള്‍ഡ്, യാസ് ഐലന്‍ഡ് എന്നിവയും സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ മേഖലകളാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട മറ്റു സ്ഥലങ്ങള്‍. മികച്ച അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവുമാണ് അബുദാബിയുടെ ആകര്‍ഷണം. ഇമാറാത്തികളുടെ തനത് സംസ്‌കാരവും പൈതൃകവും അടുത്തറിയാനും ഇവിടെ അവസരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x