
അബൂദബി: വയോധികരും കുഞ്ഞുങ്ങളുമടങ്ങൂന്ന എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവില്‍ ഡിഫന്‍സ് തീ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അബൂദബി നേവി ഗേറ്റ് മേഖലക്കടുത്തുള്ള താമസ സ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിച്ചത്. അഞ്ചു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന സാജു ജോര്‍ജ് ജോണ്‍, കൊച്ചുമോള് മാത്യൂ, മാതാപിതാക്കളായ ജോര്‍ജ് കുട്ടി (84), ശോശാമ്മ (74) നാലു മക്കള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തെയാണ് അഗ്നിശമന സേനയുടെ സമയോചിത ഇടപെടലില്‍ പുതുജീവന്‍ ലഭിച്ചത്.
കുടുംബം തീ പടരുന്നതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുക മൂടിയതോടെ ശ്രമം ദുര്‍ഘടമായി. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന പിതാവ് വീല്‍ ചെയര്‍ മറിഞ്ഞ് വീഴുക കൂടി ചെയ്തതോടെ അപകടത്തിന് കീഴ്പ്പെടേണ്ടി വരുമെന്ന അവസ്ഥയിലായി കുടുംബം. സിവില്‍ ഡിഫന്‍സ് സംഘം എത്തി ഇവരെ ഓരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖലീഫ ആശുപത്രിയില്‍ അടിയന്തിര വൈദ്യശുശ്രൂഷ കൂടി നല്‍കിയാണ് കുടുംബത്തെ മടക്കി അയച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.