
അബുദാബി: തൊഴില്‍ തര്‍ക്ക കേസുകള്‍ പത്തു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് മാനവവിഭവ ശേഷി, സ്വദേശി വല്‍ക്കരണ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഇത്തരം കേസുകള്‍ തൊഴിലുടമകളേയും തൊഴിലാളികളെയും മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി അനുനയിപ്പിച്ചു പരിഹരിക്കുന്നതിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുക.
തലസ്ഥാന എമിറേറ്റിലെ തസ്ഹീല്‍ സെന്റര്‍ വഴി കഴിഞ്ഞമാസം 419 തൊഴില്‍ തര്‍ക്ക പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഈ കേസുകള്‍ അനുരഞ്ജന മാര്‍ഗത്തില്‍ പരിഹരിക്കാനാണ് ശ്രമിക്കുക. പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഹാജരാകുന്നതിന് ഇരുവിഭാഗത്തിനും സമയം നല്‍കും. ഇവിടെ പരിഹരിക്കാനാകാത്ത കേസുകള്‍ മാത്രമാണ് ലേബര്‍ കോടതികളിലേക്ക് കൈമാറുക.
പരാതി ലഭിച്ചാല്‍ പത്തുദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പരാതിക്കാര്‍ക്ക് വിവരം നല്‍കും. തുടര്‍ന്ന് മൂന്നു ദിവസത്തിനകം തൊഴിലാളിയുമായും കമ്പനി ഉടമയുമായും മന്ത്രാലയ ഉദ്യോഗസ്ഥന്‍ നേരിട്ട് ഇടപെടും. ഒരിക്കല്‍ കൂടി അനുനയിപ്പിക്കാനുള്ള അവസരം ഇരുവിഭാഗത്തിനും മന്ത്രായം ഇതിലൂടെ നല്‍കും. നിയമ ഗവേഷക സംഘം കേസ് ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തും. ഇതിലൂടെ പരിഹാരത്തിന് പരമാവധി പത്തു ദിവസം മാത്രം മതിയാകും. മന്ത്രാലയം നടത്തുന്ന വിവിധ പരിഹാര ഘട്ടങ്ങള്‍ അവസാനിച്ചിട്ടും പരിഹാരം വിദൂരമാകുന്ന കേസുകള്‍ മാത്രമേ അന്തിമ വിധിക്കായി കോടതികള്‍ക്ക് കൈമാറൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.