Currency

അബുദാബിയില്‍ ഞായറാഴ്ച മുതല്‍ സ്‌കൂള്‍ തുറക്കും; തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, January 14, 2021 12:34 pm

അബുദാബി: ഇലേണിങിനുശേഷം അബുദാബിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ (ഫെയ്‌സ് ടു ഫെയ്‌സ് എഫ്ടിഎഫ്) റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ അധിക തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

50% വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ഒന്നര മീറ്റര്‍ അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഇത്രയും കുട്ടികളെ സ്വീകരിക്കാന്‍ പല സ്‌കൂളുകള്‍ക്കും പരിമിതിയുണ്ട്. അതിനാല്‍ പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് സ്ഥലപരിമിതി നോക്കി മാത്രമേ അനുമതി നല്‍കൂ.

കോവിഡ് നിബന്ധനപ്രകാരം വലിപ്പമനുസരിച്ച് ഒരു ക്ലാസില്‍ 10 മുതല്‍ 15 വരെ കുട്ടികളെ മാത്രമേ ഇരുത്താനാകൂ. ഇതനുസരിച്ച് കൂടുതല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിയതായി പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു. ബോര്‍ഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 10-12 ക്ലാസുകളിലെ കുട്ടികളാണു കൂടുതലായും സ്‌കൂളില്‍ നേരിട്ടെത്തുക. ഇവര്‍ക്കു റിവിഷനായതില്‍ സ്‌കൂളില്‍ എത്തി പരീക്ഷ എഴുതാം.

കെജി മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ കുറച്ചു വിദ്യാര്‍ഥികളാണ് എഫ്ടിഎഫിനു താല്‍പര്യം പ്രകടിപ്പിച്ചത്. മറ്റു കുട്ടികള്‍ ഓണ്‍ലൈനില്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് നടത്തിവരികയാണ്. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം സ്‌കൂളില്‍ എത്താന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x