ടെക്സാസ് ഭരണകൂടം പാസാക്കിയ സെനറ്റ് ബിൽ 4 (SB4) പ്രകാരം വിദേശികൾ ഏതുനിമിഷവും എവിടെവെച്ചും പോലീസിനാൽ ചോദ്യം ചെയ്യപ്പെടാം
ചിക്കാഗോ: ടെക്സാസിലേക്കു സഞ്ചരിക്കുന്നവർക്കും ടെക്സാസിൽ കഴിയുന്ന വിദേശികൾക്കും മുന്നറിയിപ്പുമായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ. പുതിയതായി ടെക്സാസ് ഭരണകൂടം പാസാക്കിയ സെനറ്റ് ബിൽ 4 (SB4) പ്രകാരം വിദേശികൾ ഏതുനിമിഷവും എവിടെവെച്ചും പോലീസിനാൽ ചോദ്യം ചെയ്യപ്പെടാമെന്നു അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ മുന്നറിയിപ്പ് നൽകുന്നു.
SB4 വരുന്ന സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പോലീസിനു വിദേശികളെന്നു തോന്നുന്നവരെയും സംശയം തോന്നുന്നവരെയും എവിടെ വെച്ചും തടഞ്ഞുനിർത്താവുന്നതും അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് സംബന്ധിച്ച ചോദ്യം ചെയ്യലിന് വിധേയരാക്കാവുന്നതുമാണ്. അതേസമയം ഈ നിയമം വിവേചനപരമാണെന്നും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുമെന്നും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അറിയിച്ചു.
ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള യുഎസ് സ്റ്റേറ്റുകളിൽ ഒന്നാണ് ടെക്സാസ്. അമേരിക്കയിൽ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേറ്റ് കൂടിയായ ടെക്സാസ് 1200 മൈൽ അതിർത്തി മെക്സിക്കോയുമായി പങ്കിടുന്നുണ്ട്. ഇവിടെ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണു ഭരണഘൂടം ഇത്തരമൊരു നിയമം കൊണ്ടുവന്നതെങ്കിലും ഫലത്തിൽ ഇത് സ്വദേശികൾക്കും ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.