
ദമാം: സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടി. വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.
റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന നിയമാവലി അനുസരിച്ചു കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ കാറുകള്‍ വാടകയ്ക്ക് നല്‍കാതിരിക്കാന്‍ അനുമതിയുള്ളുവെന്ന് പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുള്ള അല്‍ മുതൈരി പറഞ്ഞു.
വാടകയ്ക്ക് നല്‍കുന്ന കാറുകളുടെ ഇന്‍ഷുറന്‍സ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്കും കാര്‍ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും കാര്‍ വാടകയ്ക്ക് നല്‍കാതിരിക്കാന്‍ കഴിയും. എന്നാല്‍, വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നവര്‍ക്കു കാര്‍ വാടകയ്ക്ക് നല്കാന്‍ വിസമ്മതിച്ചാല്‍ സ്ഥാപനത്തിന് ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് അബ്ദുള്ള അല്‍ മുതൈരി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.