Currency

ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബുക്കിങ് തുടങ്ങി

സ്വന്തം ലേഖകന്‍Monday, January 18, 2021 12:19 pm

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്കും അവരുടെ ആശ്രിത വീസയില്‍ ഉള്ളവര്‍ക്കും ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലും ബുക്കിങ് തുടങ്ങി. കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഈ സംവിധാനം ആരംഭിച്ചിരുന്നു.

യാത്രയ്ക്കുള്ള നിബന്ധനകള്‍: കുവൈത്തിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഓഫിസ് വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്. യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ ഷ്‌ലോനക് ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഐസിഎംആര്‍ അംഗീകൃത/ സര്‍ക്കാര്‍ ലാബുകളില്‍നിന്ന് കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂര്‍ സമയപരിധിക്ക് അകത്തുള്ളതാകണം സര്‍ട്ടിഫിക്കറ്റ്. 6 വയസ്സിന് മീതെ പ്രായമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 14 ദിവസം ഐസലേഷനില്‍ കഴിയണം.

ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ ആശുപത്രിയിലെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. പാസ്‌പോര്‍ട്ട് കോപ്പി. (ആദ്യപേജും അവസാന പേജും). കുവൈത്ത് സിവില്‍ ഐഡി കാര്‍ഡ്. (ഒറിജിനലോ അല്ലെങ്കില്‍ ഡിജിറ്റല്‍ മാതൃകയിലോ).

ആശ്രിത വീസയിലുള്ളവര്‍ നല്‍കേണ്ട രേഖകള്‍: ആരോഗ്യ മന്ത്രാലയം ജീവനക്കാരന്റെ ആശുപത്രിയിലെ ഐഡി, പാസ്‌പോര്‍ട്ട് കോപ്പി. (ആദ്യപേജും അവസാന പേജും), കുവൈത്ത് സിവില്‍ ഐഡി ( ഒറിജിനല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍). ആശ്രിതരുടെ പാസ്‌പോര്‍ട്ട് കോപ്പി (ആദ്യപേജും അവസാന പേജും). ആശ്രിതരുടെ കുവൈത്ത് സിവില്‍ ഐഡി (ഒറിജിനല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍). ആശ്രിതരായ കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ജീവനക്കാരന്റെ പേര് കുഞ്ഞിന്റെ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കണം. ദമ്പതികളാണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ജീവനക്കാരന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കണം.

കൂടാതെ കുവൈത്തില്‍ എത്തുന്ന മുറയ്ക്ക് നിര്‍ദിഷ്ട ഫോം പൂരിപ്പിച്ച് ആരോഗ്യമന്ത്രാലയത്തിന് നല്‍കണം. ഓരോ യാത്രക്കാരനും യാത്ര പുറപ്പെടുന്നതിന് മുന്‍പ് ആവശ്യമായ രേഖകളുടെ ഒറിജിനല്‍/ ഡിജിറ്റല്‍ കോപ്പി യഥാവിധി ഡൗണ്‍ലോഡ് ചെയ്തതായി ഉറപ്പുവരുത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x