
ജിദ്ദ: സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകുന്നതിന് പ്രഖ്യാപിച്ച താല്‍ക്കാലിക വിലക്ക് തീരുമാനമാണ് പിന്‍വലിച്ചത്. തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി അഞ്ച് ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാനാകില്ല എന്നാണ് സര്‍ക്കുലര്‍ വഴി എയര്‍ ഇന്ത്യ അറിയിച്ചത്. ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി പിന്‍വലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം ഈ തീരുമാനം പിന്‍വലിച്ചു. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സംസം വെള്ളം കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടു പോകാം. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോകാമെന്നും സര്‍ക്കുലര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.