Currency

പ്രവാസികള്‍ക്ക് ആശ്വാസം: ദുബായ്- കൊച്ചി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം സര്‍വീസ് പുനരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Friday, June 14, 2019 3:32 pm

ദുബായ്: പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചിയിലേയ്ക്ക് എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനം വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ബോയിങ് 787 വിമാനം ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. 18 ബിസിനസ് ക്ലാസ്, 238 എക്കണോമി ക്ലാസും അടങ്ങുന്നതാണ് ഡ്രീം ലൈനര്‍ വിമാനം. ഈ വലിയ വിമാനം പുനഃരാരംഭിക്കുന്നതോടെ സ്‌കൂള്‍ അവധി തുടങ്ങിയ സീസണ്‍ കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാകും.

യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 6.50ന് കൊച്ചിയില്‍ എത്തിച്ചേരും. അവിടെ നിന്ന് ഇന്ത്യന്‍ സമയം രാവിലെ 9.15ന് പുറപ്പെട്ട് യുഎഇ സമയം ഉച്ചയ്ക്ക് 12.10ന് ദുബായില്‍ പറന്നിറങ്ങും. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യപാക് സംഘര്‍ഷാവസ്ഥാനന്തരം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഡ്രീം ലൈനര്‍ നിര്‍ത്തലാക്കിയിരുന്നത്.  

ലോകത്തെ തന്നെ ഏറ്റവും മികച്ച യാത്രാ വിമാനങ്ങളിലൊന്നാണ് എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍. ഇതു പുനഃരാരംഭിക്കാന്‍ യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡ്രീം ലൈനര്‍ വരുന്നതോടെ കൊച്ചിയിലേയ്ക്ക് പ്രതിദിനം 86 അധിക സീറ്റുകള്‍ ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x