Currency

യാത്രക്കാരുടെ സുരക്ഷ: സൗദിയില്‍ ടാക്‌സികളില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Thursday, July 25, 2019 3:08 pm

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓരോ ടാക്‌സി കാറിലും അഞ്ചു നിരീക്ഷണ ക്യാമറകള്‍ വീതം സ്ഥാപിക്കണമെന്നാണ് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ നിയമാവലി ആവശ്യപ്പെടുന്നത്. അമിത കൂലി വാങ്ങുന്നത് തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാറുകളുടെ വ്യത്യസ്ഥ ഭാഗങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ ഭാഗത്തും വാഹനം പുറത്തു നിന്ന് നിരീക്ഷിക്കുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് വെക്കുന്ന ക്യാമറകള്‍ യാത്രക്കാരുടെ മുഖം വ്യക്തമാകുന്ന രീതിയിലായിരിക്കണം സ്ഥാപിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനും അവരുടെ റൂട്ടുകള്‍ കൃത്യമായി അറിയുന്നതിനും യാത്രക്കാരില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിന് ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ ഡ്രൈവര്‍ തിരഞ്ഞെടുക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.

പുതിയ നിബന്ധന പബ്ലിക് ടാക്‌സികള്‍ക്കും ഫാമിലി ടാക്‌സികള്‍ക്കും എയര്‍പോര്‍ട്ട് ടാക്‌സികള്‍ക്കും ബാധകമാണ്. മുഴുവന്‍ ടാക്‌സി കാറുകളിലും ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x