Currency

സൗദിയില്‍ ആസ്ട്ര സെനിക്ക വാക്‌സിന് അനുമതി; രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, February 19, 2021 4:28 pm

റിയാദ്: സൗദിയില്‍ ആസ്ട്ര സെനിക്ക വാക്സിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോരിറ്റിയുടെ അംഗീകാരം. ആസ്ട്രാ സെനക്കയുടെ 30 മില്യണ്‍ ഡോസ് വാക്‌സിന്‍ സൗദിയിലെത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഒരിക്കല്‍ കോവിഡ് മുക്തി നേടിയവര്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും സ്വിഹത്തി ആപ്പ് വഴി രജിസറ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

ഫൈസര്‍ ബയോണ്‍ടെക് കമ്പനിയുടെ വാക്സിനാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്ത് വരുന്നത്. ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ആസ്ട്ര സെനിക്ക കമ്പനി പുറത്തിറക്കുന്ന വാക്സിന് കൂടി അനുമതി നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഇത് കൂടുതല്‍ ആളുകളിലേക്ക് വാക്സിന്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ സഹായകരമാകും.

ഡിസംബര്‍ 17ന് ആരംഭിച്ച വാക്സിനേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിന്‍ വിതരണം ആരംഭിച്ചു. രാജ്യത്ത് വിതരണത്തിന് അനുമതി നല്‍കിയ വാക്‌സിനുകള്‍ക്കെല്ലാം രണ്ട് ഡോസ് നിര്‍ബന്ധമാണ്. എന്നാല്‍ ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് മാത്രം മതിയാകുമെന്ന് സൗദി നാഷണല്‍ സയന്റിഫിക് കമ്മിറ്റി തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x