Currency

ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് അതിവേഗം ഓസ്ട്രേലിയന്‍ PR; പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, November 7, 2019 2:53 pm

ഓസ്ട്രേലിയ: സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന പുതിയ പദ്ധതിക്ക് ഓസ്‌ട്രേലിയയില്‍ തുടക്കം. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം കുടിയേറ്റകാര്യ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഗ്ലോബല്‍ ടാലന്റ് സ്‌കീം എന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് വിദേശത്തുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ബിസിനസുകള്‍ക്ക് വിദേശത്തുള്ള സാങ്കേതിക വിദഗ്ധരെ തൊഴില്‍ വിസയില്‍ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതിയെങ്കില്‍, സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ.

ഏഴു സാങ്കേതിക മേഖലകളില്‍ അതീവ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ വേഗത്തില്‍ പെര്‍മനന്റ് റെസിഡന്സി നല്‍കും. ഇവര്‍ക്ക് തൊഴിലുടമകളുടെയോ മറ്റോ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല. അതേസമയം, ഓസ്ട്രേലിയയിലെത്തിക്കഴിഞ്ഞാല്‍ വര്‍ഷം 1,49,000 ഡോളറില്‍ കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമാണ് ഈ വിസ ലഭ്യമാകുക.

ഉയര്‍ന്ന വരുമാനം എന്ന് ഫെയര്‍ വര്‍ക് ഓസ്ട്രേലിയ വിലയിരുത്തുന്ന വരുമാനപരിധിയാണ് ഇത്. അഗ്രികള്‍ച്ചറല്‍ ടെക്നോളജി (AgTech), ഫിനാന്‍ഷ്യല്‍ ടെക്നോളജി (FinTech), മെഡിക്കല്‍ ടെക്നോളജി (MedTech), സൈബര്‍ സെക്യൂരിറ്റി, എനര്‍ജി ആന്റ് മൈനിംഗ്, സ്പേസ് ആന്റ് അഡ്വാന്‍സ് മാനുഫാക്ചറിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍/അഡ്വാന്‍സ്ഡ് ഡിജിറ്റല്‍/ഡാറ്റാ സയന്‍സ്, ICT എന്നീ മേഖലകളില്‍ ഉന്നത വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്കാണ് ഈ വിസക്കായി അപേക്ഷിക്കാന്‍ കഴിയുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x