Currency

ഓസ്ട്രിയ വീണ്ടും ലോക്ഡൗണിലേയ്ക്ക്; നവംബര്‍ 30 വരെ കര്‍ശന നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, November 2, 2020 2:31 pm
lockdown-austria

വിയന്ന: ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 3 അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. നവംബര്‍ 30 വരെ രാത്രി 8 മുതല്‍ രാവിലെ 6 വരെ ആയിരിക്കും കര്‍ശനമായ ലോക്ക്ഡൗണ്‍. എന്നാല്‍ നടപടിയുടെ ഭാഗമായി ആളുകളെ വീട്ടില്‍ നിന്നും പുറത്തുപോകുന്നതില്‍ നിന്ന് പൂര്‍ണ്ണമായും തടയില്ലെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വിശദീകരിച്ചു. റസ്റ്റോറന്റ്, ഹോട്ടല്‍, വിനോദസഞ്ചാരം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. എല്ലാ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.

സ്‌കൂളുകളും, നഴ്സറികളും തുറക്കും. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അവ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉയര്‍ന്ന ക്ളാസുകളില്‍ വിദൂരവിദ്യാഭാസ നടപടികള്‍ തുടരും. ചുരുക്കിയ ജോലിവ്യവസ്ഥകളും, വീട്ടില്‍ നിന്നുള്ള ജോലിയും തുടരും. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. ആരോഗ്യസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

ആളുകള്‍ക്ക് ജോലിക്ക് പോകാനും, സഹായം നല്‍കാനും വ്യായാമം ചെയ്യാനുമൊക്കെ പതിവുപോലെ പുറത്തുപോകാം. എന്നാല്‍ ലോക്ക് ഡൗണ്‍ സമയങ്ങളില്‍ മറ്റ് ആളുകളെ സന്ദര്‍ശിക്കുന്നതിന് നിരോധനമുണ്ട്. കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. കോവിഡ് -19 പാന്‍ഡെമിക്ക് ആക്ട് അനുസരിച്ച്, ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു 1,450 യൂറോ വരെ പിഴ ഒടുക്കേണ്ടിവരും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടുത്ത ലോക്ക്ഡൗണ്‍ നടപടികള്‍ക്കു ശേഷം യൂറോപ്പില്‍ ഏറ്റവും ആദ്യം ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞ രാജ്യമാണ് ഓസ്ട്രിയ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x