Currency

ക്യാംപസില്‍ പുകവലിച്ചാല്‍ പിടികൂടാന്‍ അതോറിറ്റി

സ്വന്തം ലേഖകന്‍Tuesday, October 9, 2018 2:54 pm

കുവൈത്ത് സിറ്റി: ക്യാംപസുകളില്‍ പുകവലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥരുടെ പിടിവീഴും. 50 ദിനാര്‍ പിഴ അടക്കേണ്ടതായും വരും. രാജ്യത്തെ ക്യാംപസുകളില്‍ പുകവലിക്കാരെ പിടികൂടാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പര്യടനം നടത്തുമെന്ന് അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അനേസി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകവലി നിരോധനം നിലവിലുണ്ട്. സര്‍വകലാശാലകള്‍, കോളജുകള്‍, അപ്ലൈഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്. ക്യാംപസിലും അതോടനുബന്ധിച്ച കെട്ടിടങ്ങളിലും പുകവലി പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ക്യാംപസുകളില്‍ പുകവലിക്കെതിരെ നേരിട്ടു നടപടി സ്വീകരിക്കാന്‍ പരിസ്ഥിതി അതോറിറ്റിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തില്‍ ആണ്‍കുട്ടികളില്‍ 23 ശതമാനവും പെണ്‍കുട്ടികളില്‍ 8.3 ശതമാനവും പുകവലിക്കുന്നുണ്ട്. പുകവലിയുടെ ഉപയോഗം കുറക്കുന്നതിനു പുകവലി ഉല്‍പന്നങ്ങളുടെ ലഭ്യത കുറക്കുകയാണു സ്വീകരിച്ചുവരുന്ന ഉപാധി. സിഗരറ്റിനും മറ്റും ഭീമമായ നികുതി ഏര്‍പ്പെടുത്തിട്ടുള്ളത് അതിന്റെ ഭാഗമാണ്. പുകവലിയുടെ അപകടങ്ങളെക്കുറിച്ചു വ്യാപകമായ പ്രചാരണവും നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x