
മനാമ : ഇന്ത്യയുമായുള്ള ബഹ്റൈന്റെ വ്യാപാരം 2015-നെ അപേക്ഷിച്ച് 2016-ൽ 31% വർദ്ധിച്ചതായി അണ്ടർ സെക്രട്ടറി ഓഫ് കൊമേഴ്സ് അഫയേഴ്സ് നാദിർ ഖാലിദ് അൽ-മൊയദ് പറഞ്ഞു. 990മില്യൺ ഡോളറിന്റെ വ്യാപാരമായാണ് വർദ്ധിച്ചത്. ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) സംഘടിപ്പിച്ച ബഹ്റൈൻ-ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രിയായ സയ്ദ് ബിൻ റാഷിദ് അൽ-സയാനി അധ്യക്ഷം വഹിച്ചു. കഴിഞ്ഞ വർഷം 500 മില്യൺ ഡോളറിന്റെ ഇറക്കുമതിയും, 487 ഡോളറിന്റെ കയറ്റുമതിയുമാണ് നടന്നതെന്ന് അൽ-മൊയദ് പറഞ്ഞു. ഇന്ത്യൻ പങ്കാളിത്തത്തോട് കൂടി രജിസ്റ്റർ ചെയ്ത 3,181 കമ്പനികളാണ് ബഹ്റൈനിൽ നിലവിലുള്ളത്.
ഏവിയേഷൻ, സർവീസ് മാനേജ്മന്റ്, എഞ്ചിനീയറിംഗ്, ബാങ്കിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലായി 23 ഇന്ത്യൻ കമ്പനികളുടെ ശാഖകളും ബഹ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബഹ്റൈനിൽ വ്യവസായം തുടങ്ങുന്നതിനുള്ള പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി എക്സ്പോർട്ട് ഡെവലപ്മെന്റ് സെന്റർ (ഇഡിസി) ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്റൈനുമായുള്ള വ്യാപാരബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.സി.സി.ഐ ചെയർമാൻ ഖാലിദ് അൽമൊയ്ദ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഭരണാധികാരികളുമായി ചേർന്ന് ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, നിക്ഷേപത്തിനായി ബഹ്റൈൻ തെരെഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുവാൻ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.ഇന്ത്യയിലേക്ക് ബഹ്റൈനിൽ നിന്നുള്ള നിക്ഷേപവും വർധിച്ചിട്ടുണ്ട്. 2013-ൽ 3 മില്യൺ ഡോളർ ആയിരുന്ന നിക്ഷേപം 2016-ൽ 18 മില്യൺ ഡോളർ ആയി വർദ്ധിച്ചതായി ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.