മനാമ: ബഹ്റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ ഫീസ് കുറച്ചു. ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തില്‍ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ് പി.സി.ആര്‍ പരിശോധനകള്‍ക്കായി ഇനി പുതിയ നിരക്കിലുള്ള ഫീസ് നല്‍കിയാല്‍ മതിയാകും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്. തീരുമാനം പ്രാബല്യത്തിലായി.
കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് തീരുമാനം അറിയിച്ചത്. അതേസമയം മറ്റു നിബന്ധനകളില്‍ മാറ്റമില്ലെന്നും ടാസ്‌ക് ഫോഴ്‌സ് വ്യത്തങ്ങള്‍ അറിയിച്ചു. ജൂലൈ 1നാണ് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ കോവിഡ് പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായത്.
എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ‘ബി അവെയര്‍ ബഹ്‌റൈന്‍’ എന്ന മൊബൈല്‍ ആപ്പിലുടെയോ ഇലക്ട്രോണിക് പേയ്‌മെന്റ് ആയോ ക്യാഷ് ആയോ പണം അടക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ പരിശോധനയുടെ ഫലം നെഗറ്റീവ് ആകുന്നവര്‍ പത്താം ദിവസം വീണ്ടും പരിശോധന നടത്തണമെന്നാണ് നിലവിലുള്ള നിബന്ധന. കോവിഡ് ടെസ്റ്റ് നിരക്ക് വെട്ടിക്കുറച്ചത് ബഹ്‌റൈനിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.