Currency

സ്വദേശിവല്‍ക്കരണം: ബഹ്‌റൈനില്‍ ചില തസ്തികകളില്‍ വിദേശികളെ വിലക്കണമെന്ന് ആവശ്യത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Thursday, December 5, 2019 12:28 pm

ബഹ്‌റൈന്‍: ചില പ്രത്യേക തൊഴില്‍ തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയത്തിന് ബഹ്‌റെന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ശൂറാ കൗണ്‍സിലിന്റെയും രാജാവിന്റെയും അംഗീകാരത്തിന് വിധേയമായിരിക്കും.

തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത്. ചില പ്രത്യേക തൊഴിലുകളില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേലുള്ള വോട്ടെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ പൂര്‍ണമായും വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആദില്‍ അല്‍ അസൂമി എം.പി ആവശ്യപ്പെട്ടു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ഈയിടെ പാര്‍ലിമെന്റില്‍ എം.പി മാര്‍ ഈയിടെ അനുകൂലമായി വോട്ട് ചെയ്തിരുന്നു. നിലവില്‍ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പിലായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x