
ബഹ്റൈന്‍: ബഹ്റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്കി. ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ തുടങ്ങിയവരില്‍ അര്‍ഹരായ സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും ഇനി മുതല്‍ കൂടുതല്‍ പരിഗണന ലഭിക്കുക. നിലവില്‍ ഈ തസ്തികകളില്‍ വിദേശികളുണ്ടെങ്കില്‍ അവരുടെ കരാറിന്റെ കാലാവധി കഴിയുന്ന മുറക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം.
ചികില്‍സാ മേഖലയില്‍ കഴിവുള്ളവരായ സ്വദേശികളെ വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്‍കിയതിനെ തൊഴിലാളി യൂണിയനടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മറ്റ് മേഖലകളിലും സ്വദേശിവല്‍ക്കരണം വേഗത്തിലാക്കണമെന്ന് ബഹ്റൈന്‍ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.