Currency

ലിംഗ സമത്വ സൂചികയില്‍ ബഹ്‌റൈന്‍ ഒന്നാമത്

സ്വന്തം ലേഖകന്‍Sunday, January 13, 2019 9:14 am

മനാമ: സ്ത്രീ സമത്വ സൂചികയില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനം. രാജ്യത്തെ പുരുഷന്‍മാര്‍ അടിസ്ഥാന വിദ്യാഭ്യാസം, ജീവിത സംതൃപ്തി തുടങ്ങിയ കാര്യങ്ങളില്‍ അല്‍പം പിറകിലുമാണ്. ലിംഗസമത്വത്തിന്റെ പുതിയ അടിസ്ഥാന സൂചിക (ബി.ഐ.ജി.ഐ) രംഗത്ത് പഠനം നടത്തിയ യു.കെയിലെ ഇസെക്‌സ് യൂനിവേഴ്‌സിറ്റിയിലെയും യു.എസിലെ യൂനിവേഴ്‌സിറ്റി ഓഫ് മിസൗറിയിലെയും ഒരു സംഘം ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്.

പലകാര്യങ്ങളിലും സ്ത്രീകളേക്കാള്‍ പിന്നില്‍ പുരുഷന്‍മാരാണെന്ന് ഈ സൂചിക പറയുന്നു. 91 രാജ്യങ്ങളിലും ഇതാണ് അവസ്ഥയെന്നും 43 രാജ്യങ്ങളിലാണ് സ്ത്രീകള്‍ പിറകിലെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. യഥാര്‍ഥ ലിംഗ സമത്വത്തിനടുത്തുള്ള രാജ്യങ്ങള്‍ ബഹ്‌റൈന്‍, യു.കെ, നെതര്‍ലന്റ്‌സ് എന്നിവയാണ്. യു.എസിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും പുരുഷന്‍മാരുടെ നില സ്ത്രീകളേക്കാള്‍ പിറകിലാണ്. വിദ്യാഭ്യാസ സാധ്യതകള്‍, ആരോഗ്യവും ആയുസ്സും, മൊത്തം ജീവിത സംതൃപ്തി എന്നീ മൂന്ന് കാര്യങ്ങളിലാണ് പഠനം ശ്രദ്ധയൂന്നിയത്. ബഹ്‌റൈനില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ ആയുസ്സാണുള്ളതെന്ന് പഠനം പറയുന്നു.

ലിംഗ സമത്വം വിലയിരുത്തുന്ന നൂതന രീതിയാണ് തങ്ങള്‍ ആവിഷ്‌കരിച്ചതെന്നും ഇത് സ്ത്രീകളോടും പുരുഷന്‍മാരോടും ഒരുപോലെ നീതി പുലര്‍ത്തുന്നതാണ് എന്നുമാണ് ഇവര്‍ പറയുന്നത്. പഴയ രീതികള്‍ നിരവധി മുന്‍ധാരണകള്‍ പുലര്‍ത്തിയിരുന്നെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ബുദ്ധിമുട്ടുകളിലാണ് അത് ശ്രദ്ധയൂന്നിയിരുന്നത്. രണ്ട് ലിംഗത്തിലുള്ളവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ആ പഠനങ്ങള്‍ പരിഗണിച്ചിരുന്നില്ല.

സൂചികയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ റാങ്കിങ് ഇങ്ങനെയാണ്. യു.എ.ഇ (14), കുവൈത്ത് (47), സൗദി അറേബ്യ (72), ഖത്തര്‍ (93). യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയൊഴികെ മിക്കയിടങ്ങളിലും സ്ത്രീകള്‍ മുന്നിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x