
മനാമ: ബഹ്‌റൈനില്‍ ആറ് പേര്‍ക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 47 ആയി. രോഗബാധ കണ്ടെത്താനുള്ള വൈദ്യപരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇറാന്‍ സന്ദര്‍ശിച്ച് രാജ്യത്തെത്തിയവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നതിനാല്‍ ഈ മാസം ഇറാന്‍ സന്ദര്‍ശിച്ച മുഴുവന്‍ പേരോടും വൈദ്യപരിശോധനക്ക് വിധേയരാകാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈന്‍ സ്വദേശികളായ മൂന്ന് വനിതകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു സൗദി പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ രോഗം സ്ഥിരീകരിച്ച ഫെബ്രുവരിയില്‍ 2,292 പേരാണ് ബഹ്‌റൈനില്‍ എത്തിയത്. ഇവരെ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനുള്ള നടപടികള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉപയോഗിക്കും.
രോഗം ബാധിച്ച മറ്റ് രാജ്യങ്ങളില്‍നിന്നും എത്തിയ 1977 പേരെ ഇതിനകം പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 1930 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധയുള്ളതായി സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികില്‍സ നല്‍കുന്നതായും അധിക്യതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.