Currency

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

സ്വന്തം ലേഖകന്‍Wednesday, August 12, 2020 5:15 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയുമാകും കമല.

നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്റേത്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനം. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചതാണിത്.

ബൈഡനുള്ള മറുപടിയായി കമല ട്വിറ്ററില്‍ കുറിച്ചത് രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് ബൈഡന്‍ എന്നാണ്. 1960 കളില്‍ തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ ഇന്ത്യക്കാരി കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന്‍ ഡോണള്‍ ഹാരിസിന്റെയും മകളായ കമലാഹാരിസ് അഭിഭാഷക കൂടിയാണ്.

കോവിഡില്‍ അടിപതറി നില്‍ക്കുന്ന ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാകും ബൈഡന്‍- കമല കൂട്ടുകെട്ട് എന്നതില്‍ തര്‍ക്കമില്ല. 78 കാരനായ ബൈഡന്‍ പ്രസിഡന്റ് ആയാലും 55 കാരിയായ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയാലും അത് ചരിത്രമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x