Currency

സ്‌ക്രീന്‍ ഫോര്‍ ലൈഫ്; സ്തനാര്‍ബുദ പരിശോധന യൂണിറ്റ് ഞായറാഴ്ച മുതല്‍

സ്വന്തം ലേഖകന്‍Friday, January 31, 2020 1:18 pm

ദോഹ: വനിതകള്‍ക്കു സ്തനാര്‍ബുദ പരിശോധനയ്ക്ക് അവസരമൊരുക്കി അല്‍ റയ്യാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫിന്റെ സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ് ഞായറാഴ്ച മുതല്‍ സജീവമാകും. ഞായറാഴ്ച മുതല്‍ ഫെബ്രുവരി 26 വരെ പരിശോധനാ യൂണിറ്റിന്റെ സേവനം അല്‍ റയ്യാന്‍ കേന്ദ്രത്തില്‍ ലഭിക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണു പ്രവര്‍ത്തന സമയം. 45 നും 69നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കു സൗജന്യമായി തന്നെ മാമോഗ്രാം പരിശോധന നടത്താം. പ്രാഥമികാരോഗ്യ കോര്‍പറേഷന്റെ ദേശീയ സ്തന, ഉദര അര്‍ബുദ പരിശോധന പദ്ധതിയാണു സ്‌ക്രീന്‍ ഫോര്‍ ലൈഫ്.

രോഗ ലക്ഷണം ഇല്ലാത്തവരും പരിശോധന നടത്തണം. 800 112 വില്‍ നേരത്തെ വിളിച്ച് അനുമതി തേടണമെന്നു മാത്രം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ വൈകിട്ട് 5.30 വരെയും ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയും അനുമതിക്കായി വിളിക്കാം. അല്‍ വക്ര, ലിബൈബ്, റൗദത്ത് അല്‍ ഖെയ്ല്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യമുണ്ടെങ്കിലും ഈ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത വനിതകള്‍ക്കായാണു വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റിന്റെ സേവനം അധികൃതര്‍ ഉറപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x