
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാനാണ് കാബിനറ്റ് യോഗത്തിന്റെ തീരുമാനം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണിത്. തൊഴില്‍ രംഗത്ത് സ്വദേശിവത്ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ഫീസ് 300 ല്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുവാനും തീരുമാനമായി.
കഴിവും പ്രാപ്തിയുമുള്ള തൊഴില്‍ ശക്തിയാക്കി തദ്ദേശീയ യുവാക്കളെ മാറ്റിയെടുക്കുന്നതടക്കമുള്ള പരിശീലന പരിപാടികള്‍ പദ്ധതിക്ക് കീഴില്‍ നടക്കും. യൂണിവേഴ്‌സിറ്റി ഡിഗ്രിയുള്ള തൊഴില്‍ രഹിതരുടെ തൊഴിലില്ലായ്മാ വേതനം 150 ദിനാറില്‍ നിന്ന് 200 ദിനാറായും യൂണിവേഴ്‌സിറ്റി ബിരുദധാരികളല്ലാത്തവരുടെ തൊഴിലില്ലായ്മാ വേതനം 120 ല്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റിനുള്ള ഫീസ് 200 ദിനാറില്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുകയും മാസാന്ത ഫീസ് 30 ദിനാറായി തന്നെ നിജപ്പെടുത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.