
അബുദാബി: സിബിഎസ്ഇ സിലബസ് വീണ്ടും കുറച്ചെന്ന പ്രചാരണം തെറ്റാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അധികൃതര്‍. പത്താം ക്ലാസിന്റെ സോഷ്യല്‍ സയന്‍സിലെ ഏതാനും അധ്യായങ്ങള്‍ വീണ്ടും കുറച്ചെന്നായിരുന്നു വ്യാജ പ്രചാരണം.
ഇതു വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തില്‍ സിബിഎസ്ഇ കണ്ട്രോളര് ഓഫ് എക്സാമിനര്‍ ഡോ. സന്യാം ഭരധ്വാജ് ഗള്‍ഫിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചാണ് അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നു വിശദീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകിയതിനാല്‍ സിലബസില്‍ 2020 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 30% ഇളവനുസരിച്ചാണ് വാര്‍ഷിക പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ തയാറാക്കിയത്.
ഇനി വീണ്ടുമൊരു മാറ്റം ഉണ്ടായാല്‍ അതു കുട്ടികളെ മാത്രമല്ല പരീക്ഷാ നടത്തിപ്പിനെയും ബാധിക്കുമെന്നും അതുകൊണ്ടുതന്നെ നിലവിലെ രീതി തുടരുമെന്നും പറഞ്ഞു. ഇതേസമയം ഗള്‍ഫില്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങിയതിനാല്‍ കുറച്ച സിലബസിന്റെ ഭൂരിഭാഗവും ആദ്യ ടേമില്‍ തന്നെ പഠിപ്പിച്ചിരുന്നു. സയന്‍സ് വിഷയങ്ങളില്‍ ഒഴിവാക്കിയ ചില ഭാഗങ്ങള്‍ പഠിക്കാതെ മറ്റു അധ്യായങ്ങള്‍ മനസ്സിലാകില്ലെന്നിരിക്കെ അതുകൂടി പഠിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും വിദ്യാര്‍ഥികളും അധ്യാപകരും പങ്കുവച്ചു. പരീക്ഷ മേയിലേക്കു നീട്ടിയതിനാല്‍ പഠിക്കാന്‍ സമയം കിട്ടുമെന്നതാണ് ആശ്വാസം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.