
കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സിവില്‍ സര്‍വിസ് കമീഷനാണ് ഇതിന് പദ്ധതി തയാറാക്കുന്നത്. നിലവില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം.
സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായിപ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചുള്ള സിവില്‍ സര്‍വിസ് കമീഷനിലെ വിവരങ്ങള്‍ പ്രത്യേക സംഘം പരിശോധിക്കും. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരാണ് ആദ്യഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത തെളിയിക്കേണ്ടത്. അടുത്ത ഘട്ടത്തില്‍ ഡിപ്ലോമക്കാരെയും ഉള്‍പ്പെടുത്തും.
സര്‍വിസ് കാലയളവ് പരിഗണിക്കാതെ സര്‍ക്കാര്‍ വകുപ്പില്‍ ജോലിയുള്ള മുഴുവന്‍ സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാണ് തീരുമാനം. പുതുതായെത്തുന്നവരെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിന്ന് ഒഴിവാക്കില്ല. പ്രാഥമിക പരിശോധനയില്‍ സംശയകരമായി കണ്ടെത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നതതല സമിതിക്ക് കൈമാറും. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ജോലി നേടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.