Currency

കുവൈത്തില്‍ 15 വയസ്സില്‍ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ കമ്പനി പൂട്ടിക്കും

സ്വന്തം ലേഖകന്‍Tuesday, January 22, 2019 1:28 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ 15 വയസ്സില്‍ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണഗതിയില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുക 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണെന്നും 21 വയസ്സില്‍ താഴെയുള്ളവര്‍ മൈനര്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തുകയെന്നും അതോറിറ്റി അറിയിച്ചു.

മാന്‍പവര്‍ അതോറിറ്റി തൊഴില്‍ നിരീക്ഷക മേധാവി മുഹമ്മദ് അല്‍ അന്‍സാരിയാണ് ബാലവേല സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയമാനുസൃത നിയന്ത്രണങ്ങളോടെ ജോലി നല്‍കുന്നതില്‍ തെറ്റില്ല. ഇതിന് മുന്‍കൂട്ടി അനുമതി വാങ്ങുകയും വൈദ്യ പരിശോധന പൂര്‍ത്തിയാക്കുകയും വേണം. കൂടുതല്‍ ശാരീരികാധ്വാനമാവശ്യമുള്ളതോ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതോ ആയ ജോലികള്‍ ഈ പ്രായക്കാരെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ല. അതേസമയം 15 വയസ്സില്‍ താഴെ ഉള്ളവരെ ജോലിക്കുനിര്‍ത്തിയാല്‍ ബാലവേലയായി കണക്കാക്കി കമ്പനി അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

ഇതോടൊപ്പം തൊഴിലുടമക്കെതിരെ നിയമനടപടിയും പിഴയും ഉണ്ടാവും. 15 വയസ്സില്‍ താഴെ പ്രായമുള്ളവരെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. 21 വയസ്സാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം. 18 വയസ്സില്‍ താഴെയുള്ളവരെ മൈനര്‍ ഗണത്തിലും 21 വയസ്സില്‍ താഴെയുള്ളവരെ ഇഖാമ നിയമലംഘകരായുമാണ് കണക്കാക്കുകയെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x