Currency

കെട്ടിട ടെറസ്സുകളിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Tuesday, January 15, 2019 3:37 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടങ്ങളുടെ ടെറസ്സില്‍ അനധികൃത നിര്‍മാണം നടത്തിയാല്‍ 1000 ദീനാര്‍ മുതല്‍ 5000 ദീനാര്‍വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. അനുമതി വാങ്ങാതെ ടെറസ്സില്‍ മുറികള്‍ പണിയുന്നതും ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടുള്ള താല്‍കാലിക നിര്‍മാണമാണവുമെല്ലാം അനധികൃതവുമായി കണക്കാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനത്തിന്റെ ഗൗരവവും വ്യാപ്തിയും പരിശോധിച്ച ശേഷം കോടതിയാണ് പിഴ സംഖ്യ തീരുമാനിക്കുക.

സ്വകാര്യ പാര്‍പ്പിട മേഖലയിലെ കെട്ടിടങ്ങളിലാണ് ഇത്തരം നിയമലംഘനം പിടികൂടുന്നതെങ്കില്‍ ഒരു മീറ്റര്‍ ചുറ്റളവിന് 50 ദീനാറില്‍ കുറയാത്തതും 500 ദീനാറില്‍ കൂടാത്തതുമായ പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നതായി കാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വിഭാഗം മേധാവി എന്‍ജി. അബ്ദുല്ല പറഞ്ഞു. അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റി പരിശോധക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കെട്ടിട ഉടമക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസ് നല്‍കും. ഒപ്പം അനിധികൃത ഭാഗം പൊളിച്ചു നീക്കി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സമയം നിശ്ചയിക്കും. അനുവദിച്ച സമയത്തിനിടക്ക് ഇവ പൊളിച്ചു നീക്കിയില്ലെങ്കിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്ക് മാറ്റുകയെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x