
റിയാദ്: വൈദ്യുതി മുടങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന പുതിയ നിയമവുമായി സൗദി അറേബ്യ. വൈദ്യുതി മുടങ്ങുന്ന പക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 24 മണിക്കൂറിന് 75 റിയാല്‍ വീതവും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് 150 റിയാല്‍ വീതവും നക്ഷ്ടപരിഹാരം നല്‍കും .പിന്നീടുള്ള ഓരോ 12 മണിക്കൂറിനും 75 റിയാല്‍ വീതം നഷ്ടപരിഹാരമായി ലഭിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ -ജനറേഷന് റെഗുലേറ്ററി അതോറിറ്റി ഗവര്‍ണര്‍ ഡോ .അബ്ദുല്ല അല്‍ ശഹ്രി അറിയിച്ചു.
അടുത്തവര്‍ഷം മുതല്‍ ഇത് നിലവില്‍ വരും.പുനര്‍നിര്‍മ്മാണത്തിനും മറ്റും കണക്ഷന് വിച്ഛേദിച്ച നിലവിലെ ഉപഭോക്താക്കള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചു പ്രവൃത്തി ദിവസത്തിനകം കമ്പനി വൈദ്യുതി കണക്ഷന് നല്കിയിരിക്കണമെന്നു ഉത്തരവുണ്ട്. അല്ലാത്തപക്ഷം 75 റിയാല്‍ പിഴ ചുമത്തും .പിന്നീടുള്ള ഓരോ അഞ്ചു പ്രവൃത്തി ദിവസത്തിനും 20 റിയാല്‍ വീതവും പിഴ ഈടാക്കുന്നതാണ്. പുതിയ അപേക്ഷകളില്‍ 40 പ്രവൃത്തി ദിവസത്തിനകം കണക്ഷന് നല്‍കിയിരിക്കണമെന്നും ഇതിനു വീഴ്ച വരുത്തിയാൽ 200 റിയാലും ഗാര്‍ഹികേതര കണക്ഷന് അപേക്ഷകളില്‍ 400 റിയാലും നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്.
ബില്ലടക്കാത്തതിന് നഗരങ്ങളില്‍ വിച്ഛേദിക്കുന്ന കണക്ഷനുകള്‍ ബില്ലടച്ചു മൂന്ന് മണിക്കൂറിനകവും ഗ്രാമ പ്രദേശങ്ങളില്‍ അഞ്ചു മണിക്കൂറിനകവും പുനഃസ്ഥാപിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം 75 റിയാലാണ് പിഴ. അറ്റകുറ്റ പണികള്‍ക്കായി വൈദ്യുതി കണക്ഷന് വേര്പെടുത്തുന്നതിനെകുറിച്ച് രണ്ടു ദിവസം മുന്‍പ് ഉപഭോകതാക്കളെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.