Currency

ഇന്ത്യന്‍ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, June 12, 2018 1:19 pm

കുവൈത്ത് സിറ്റി: പ്രവാസി സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. എംബസി വെബ്‌സൈറ്റില്‍ 280 സംഘടനകള്‍ നിലവിലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 96 സംഘടനകള്‍ മാത്രമേ ഉള്ളൂ. മലയാളി സംഘടനകളുടെ എണ്ണം 140ല്‍നിന്ന് 25 ആയി കുറഞ്ഞിട്ടുണ്ട്. എംബസി നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംഘടനകള്‍ക്ക് മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന പുതിയ സ്ഥാനപതിയുടെ കര്‍ശന നിലപാടാണ് വെട്ടിനിരത്തലിലേക്കു നയിച്ചത്.

കെ ജീവസാഗര്‍ അംബാസഡറായി ചുമതലയേറ്റ ശേഷമാണ് സംഘടനകള്‍ക്ക് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ചു പുനഃപരിശോധന നടത്തിയാണ് 184 സംഘടനകളെ ഒഴിവാക്കിയത്. മത സംഘടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍, നവമാധ്യമ കൂട്ടായ്മകള്‍, ജില്ലാ അസോസിയേഷനുകള്‍, കലാ സാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ വിവിധ സ്വഭാവത്തിലുള്ള അനേകം സംഘടനകള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . രാഷ്ട്രീയ സംഘടനകള്‍ക്ക് അനുമതിയില്ലെങ്കിലും സാംസ്‌കാരിക കൂട്ടായ്മകള്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങളും എംബസിയിടെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.

ഒരു ജില്ലയുടെയും താലൂക്കിന്റെയും പേരില്‍ തന്നെ ഒന്നിലധികം സംഘടനകളുണ്ട്. നേരത്തെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നതുകൊണ്ടാണ് അംഗീകൃത സംഘടനകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്താനാണ് എംബസി ആലോചിക്കുന്നത് എന്നാണ് അറിയുന്നത്. നിരവധി പ്രമുഖ സംഘടനകളുടെ പേര് ഇപ്പോള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇല്ല. ജില്ല അസോസിയേഷനുകള്‍ ഒന്നും തന്നെയില്ല.

അടുത്തിടെ ഒരു ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട രണ്ടു ഗ്രൂപ്പുകള്‍ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് പുതിയ അംബാസിഡറുടെ മുന്നില്‍ പരാതിയുമായി എത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കു എംബസിയെ നയിച്ചത് എന്നാണു സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x