
അബുദാബി: 6 മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 30ന് അബുദാബിയിലെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് ജാഗ്രതയില്‍ മാര്‍ച്ച് 5ന് അടച്ച സ്‌കൂളുകള്‍ ഈ മാസാവസാനം തുറക്കാന്‍ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാന്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം.
സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താവൂ. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളും അണുവിമുക്തമാക്കണം. ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്‌കൂളുകളും അവലംബിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്‌കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഒരു ക്ലാസിലെ 10 മുതല്‍ 15 വരെ വിദ്യാര്‍ഥികളെ മാത്രമേ സ്‌കൂളിലേക്കു വിളിക്കൂ.
അതേസമയം സ്‌കൂളിലേക്ക് മക്കളെ വിടാന്‍ താല്‍പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് ഇലേണിങ് തിരഞ്ഞെടുക്കാന്‍ അഡെക് അനുവാദം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.