Currency

കൊവിഡ് 19: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്; കര്‍ഫ്യൂ സമയം ചുരുക്കി

സ്വന്തം ലേഖകന്‍Friday, July 24, 2020 6:13 pm

കുവൈത്ത് സിറ്റി: കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ 28 ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെയായി ചുരുക്കും. നിയന്ത്രണങ്ങളില്‍ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടമാണ് ജൂലൈ 28ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഫര്‍വാനിയയില്‍ നിലനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജൂലൈ 26 ഞായറാഴ്ച അഞ്ച് മണിയോടെ അവസാനിക്കും. ഭാഗിക കര്‍ഫ്യൂവിന്റെ സമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയാക്കുവാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. നിലവില്‍ രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ സമയം. മൂന്നാം ഘട്ടത്തില്‍ കര്‍ഫ്യൂ നീക്കും എന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കര്‍ഫ്യൂ സമയം കുറയ്ക്കുക മാത്രമാണ് ചെയ്തത്.

ടാക്‌സി വാഹനങ്ങള്‍ക്ക് ഒരു യാത്രക്കരനെ മാത്രം കയറ്റി സര്‍വ്വീസ് നടത്തുവാന്‍ അനുമതി നല്‍കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലെ 30 ശതമാനം പ്രവര്‍ത്തന ശേഷി 50 ശതമാനമായി വര്‍ദ്ധിപ്പിക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും നിയന്ത്രണങ്ങളോടെ മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x