
ബഹ്റൈന്‍: സ്വയം നിരീക്ഷണത്തിലുള്ളവരെ പിന്തുടരാന് പുതിയ സാങ്കേതിക വിദ്യയുമായി ബഹ്റൈന്‍. നിരീക്ഷണത്തിലുള്ള ആള് ഫോണിന്റെ 15 മീറ്റര്‍ പരിധിക്ക് പുറത്ത് പോയാല്‍ മോണിറ്ററിങ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്ന രീതിയില്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച് ഇലക്ട്രോണിക് കൈവള. സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ കൈവള ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 1000 ദിനാര്‍ മുതല്‍ 10000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
രോഗികളുടെ സമ്പര്‍ക്ക ശൃംഗല കണ്ടെത്തുന്നതിന് രാജ്യത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ‘be aware’ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് സ്മാര്‍ട്ട് കൈവള പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ബ്രേസ്ലെറ്റ് ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുറമേ, ലൊക്കേഷന്‍, ബ്ലൂടൂത്ത്, ജി.പി.എസ്, ഇന്റര്‍നെറ്റ് എന്നിവ ഓണ്‍ ആക്കുകയും വേണം. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ‘allow location access’ ‘ഓള്‍വെയ്സ്’ എന്ന് സെറ്റ് ചെയ്യണം. സ്വയം നിരീക്ഷത്തില്‍ ഉള്ളവര്‍ തങ്ങളുടെ സ്ഥലം അടയാളപ്പെടുത്തണം. ‘set home location’ തെരഞ്ഞെടുത്താണ് ഇത് ചെയ്യേണ്ടത്.
444 എന്ന നമ്പറില്‍ വിളിച്ച് ലൊക്കേഷന്‍ വിവരം തിരുത്താവുന്നതാണ്. ചില സമയങ്ങളില്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫോട്ടോ അയച്ചുകൊടുക്കാന്‍ സന്ദേശം അയക്കും. അപ്പോള്‍, മുഖവും ബ്രേസ്ലെറ്റും വ്യക്തമായി കാണാന്‍ കഴിയുന്ന ഫോട്ടോ അയക്കണം. ബ്രേസ്ലെറ്റ് തകരാറിലാക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്.
സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തങ്ങളുടെ നിരീക്ഷണ കാലാവധി കഴിയുന്നതിന് മൂന്ന് ദിവസം മുമ്പ് 444 എന്ന നമ്പറില്‍ വിളിച്ചോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ കോവിഡ് -19 ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.