
ബഹ്‌റൈന്‍: യു.എ.ഇയില്‍ കോവിഡ് 19 രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലയില്‍ മരണം മൂന്നായി. യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് യു.എ.ഇയില്‍ മരിച്ചത്. യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് വിവരം വെളിപ്പെടുത്തിയത്. ബഹ്‌റൈനില്‍ 65കാരി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും രോഗവ്യാപനം തുടരുകയാണ്. മൂന്ന് രാജ്യങ്ങളിലായി ഇന്നലെ മാത്രം 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 29നാണ് യു.എ.ഇയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ രാജ്യത്ത് 140 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 31 പേര്‍ രോഗവിമുക്തി നേടി. യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയും അവധി പ്രഖ്യാപിച്ചും രോഗവ്യാപനം തടയാന്‍ ഊര്‍ജിതനീക്കം തുടരുന്ന ഘട്ടത്തിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
യു.എ.ഇയിലേക്ക് ജി.സി.സി പൗരന്‍മാര്‍ക്കും വിലക്ക് പ്രാബല്യത്തില്‍ വന്നു. കുവൈത്തിനും ഖത്തറിനും സൗദിക്കും പിന്നാലെ യു.എ.ഇയും കടുത്ത നടപടികളിലേക്ക് തന്നെയാണ് നീങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.